This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗെറ്റിസ്ബര്‍ഗ് പ്രസംഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

ഗെറ്റിസ്ബര്‍ഗ് പ്രസംഗം

Gettysburg Address

1863 ന. 19-നു ഗെറ്റിസ്ബര്‍ഗിലെ യോദ്ധാക്കളുടെ ദേശീയ സെമിത്തേരിയില്‍ പ്രസിഡന്റ് ഏബ്രഹാം ലിങ്കണ്‍ നടത്തിയ ചരിത്രപ്രസിദ്ധമായ പ്രസംഗം.

1863- ജൂല.-ല്‍ ഗെറ്റിസ്ബര്‍ഗില്‍ മൂന്നു ദിവസം നീണ്ടു നിന്ന യുദ്ധം അമേരിക്കന്‍ അഭ്യന്തരയുദ്ധത്തില്‍ നിര്‍ണായകമായ ഒന്നായിരുന്നു. യുദ്ധാനന്തരം വടക്കും തെക്കുമുള്ള ഏഴായിരം ഭടന്മാരെ അവര്‍ മരിച്ചുവീണ സ്ഥലത്തിനടുത്തുള്ള താത്കാലിക ശവകുടീരങ്ങളില്‍ അടക്കം ചെയ്തു. തുടര്‍ന്ന് സ്ഥിരമായ സൈനിക ശ്മശാനം സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഏതാനും ആഴ്ചകള്‍ക്കുശേഷം ഏകദേശം ആയിരം ശവശരീരങ്ങള്‍ തിരിച്ചറിയപ്പെടുകയും അവയെ യഥാവിധി സംസ്കരിക്കുകയും ചെയ്തു. തെക്കന്‍ പട്ടണങ്ങളിലെ യുദ്ധം അവസാനിച്ചതിനുശേഷം ആ യുദ്ധത്തില്‍ മരിച്ച തെക്കന്‍ദിക്കുകാരെയും അപ്രകാരം തന്നെ പുനര്‍സംസ്കരണം നടത്തി.

പ്രസിഡന്റ് ലിങ്കന്റെയും മന്ത്രിസഭാംഗങ്ങളുടെയും വടക്കന്‍ പ്രവിശ്യകളുടെ ഗവര്‍ണര്‍മാരുടെയും സൈനികവും അല്ലാത്തതുമായ ഉദ്യോഗസ്ഥന്മാരുടെയും സാന്നിധ്യത്തില്‍ ശ്മശാനം ന. 19-ന് ഔപചാരികമായി രാഷ്ട്രത്തിന് സമര്‍പ്പിക്കപ്പെട്ടു. എഡ്വേഡ് എവെറെറ്റ് ആയിരുന്നു മുഖ്യ പ്രസംഗകന്‍. തുടര്‍ന്നു പ്രസിഡന്റ് ലിങ്കണ്‍ പ്രസംഗിക്കാന്‍ ആരംഭിച്ചു.

ലിങ്കന്റെ സ്വന്തം കൈപ്പടയില്‍ എഴുതപ്പെട്ട ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തിന്റെ അഞ്ചു പകര്‍പ്പുകള്‍ ഉണ്ടായിരുന്നു. പ്രസിഡന്റിന്റെ സെക്രട്ടറി ജോണ്‍ ജി. നികോളേയുടെ പക്കലുണ്ടായിരുന്ന പ്രതിയായിരിക്കാം ഒരുപക്ഷേ പ്രസിഡന്റ് ലിങ്കണ്‍ ഗെറ്റിസ്ബര്‍ഗില്‍ വായിച്ചത്. എഡ്വേഡ് എവെറെറ്റ് ഉള്‍പ്പെടെ ചില വ്യക്തികളുടെ അപേക്ഷ അനുസരിച്ച് ഏതാനും മാസങ്ങള്‍ക്കകം എഴുതിയതാണ് മറ്റു നാലു പ്രതികള്‍. ഇവയില്‍ ചില്ലറ വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു. ലിങ്കന്റെ അവസാനത്തെ മിനുക്കുപണിയോടുകൂടിയ അഞ്ചാമത്തെ പ്രതി വൈറ്റ്ഹൌസിലെ ലിങ്കണ്‍ മുറിയില്‍ തൂക്കി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ചില പ്രതിപക്ഷ പത്രങ്ങള്‍ മുന്‍കൂട്ടി തരംതാഴ്ത്തി വിമര്‍ശനങ്ങള്‍ ഇറക്കിയെങ്കിലും ഗെറ്റിസ്ബര്‍ഗ് പ്രസംഗം ശ്രദ്ധേയമായിരുന്നു. ലിങ്കന്റെ സാഹിത്യശൈലി സംസ്കാരസമ്പന്നവും സുന്ദരവും ലളിതവുമായിരുന്നതിനാല്‍ ആ സന്ദേശത്തിന്റെ ശ്രേഷ്ഠത മനസ്സിലാക്കാതെപോയി. എന്നിട്ടും എഡ്വേഡ് എവെറെറ്റ് ലിങ്കന് അയച്ച കത്തില്‍ ഇപ്രകാരം രേഖപ്പെടുത്തി: 'ആ അവസരത്തിന്റെ കാതലായ ആശയം താങ്കള്‍ രണ്ടുമിനിട്ടുകൊണ്ട് അവതരിപ്പിച്ചപ്പോള്‍' എനിക്ക് അതിനടുത്തു വരുവാന്‍ രണ്ടു മണിക്കൂര്‍ വേണ്ടിവന്നുവെന്നു ഞാന്‍ ആത്മസ്തുതി ചെയ്യുന്നു.' ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ ജനങ്ങള്‍തന്നെ തെരഞ്ഞെടുക്കുന്ന ഭരണം ഒരിക്കലും നശിക്കയില്ലെന്നു ഏബ്രഹാം ലിങ്കണ്‍ പ്രഖ്യാപിച്ചത് ഗെറ്റിസ്ബര്‍ഗ് പ്രസംഗത്തിലൂടെയാണ്. പിന്നീടത് ജനാധിപത്യ ഭരണത്തിന്റെ നിര്‍വചനമായി മാറി.

(ഷീല ഐറിന്‍ ജയന്തി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍